Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 June 21, 2026 💬0 Comments

അദൃശ്യവേട്ട Part 3

👁️ Loading views...

ഫോൺ കട്ടായെങ്കിലും ആ അജ്ഞാതന്റെ തണുത്ത ശബ്ദം ഹരിദാസിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അയാളുടെ സംസാരത്തിൽ വല്ലാത്തൊരു പ്രതികാര ദാഹം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.... 

അയാൾ വേഗം തന്റെ മൊബൈലെടുത്ത് പാലക്കാട് സൈബർ സെല്ലിലേക്ക് വിളിച്ചു. 

"ഈ ലാൻഡ്‌ലൈനിലേക്ക് അവസാനം വന്ന കോൾ എവിടെ നിന്നാണെന്ന് എനിക്ക് ഉടനെ അറിയണം!" 

ഹരിദാസിന്റെ ശബ്ദം ഗൗരവമുള്ളതായിരുന്നു.

സൈബർ സെല്ലിൽ നിന്നും മറുപടി വരാൻ കാത്തുനിൽക്കുന്ന ആ സമയത്ത് ഹരിദാസ് മുറിയിലാകെ സൂക്ഷ്മമായി പരിശോധിച്ചു. 

മാസ്റ്ററുടെ ഡയറിയിലെ മുൻപേജുകൾ ആരോ ശ്രദ്ധയോടെ കീറിക്കളഞ്ഞിട്ടുണ്ട്.
കൊലയാളിയെ കുറിച്ചുള്ള എന്തെങ്കിലും സൂചനകളോ എന്തോ ആയിരിക്കണം അതിൽ.

 എന്നാൽ അതിനടുത്തുള്ള പുസ്തകങ്ങൾക്കിടയിൽ നിന്നും പഴയൊരു പത്രക്കട്ടിങ് ഹരിദാസിന് ലഭിച്ചു.

അതിലെ തലക്കെട്ട് ഇതായിരുന്നു: 

"മണ്ണാർക്കാട് അനാഥാലയത്തിൽ ദുരൂഹസാഹചര്യത്തിൽ തീപിടുത്തം; ഒരു മരണം."

 പതിനഞ്ച് വർഷങ്ങൾക്ക് മുൻപുള്ള പത്രമാണ്. ആ അനാഥാലയത്തിന്റെ ബോർഡ് മെമ്പർമാർ തോമസ് കുരുവിളയും രാമചന്ദ്രൻ മാസ്റ്ററുമായിരുന്നു എന്ന് അതിൽ വ്യക്തമായി എഴുതിയിരുന്നു.

പെട്ടെന്ന് ഹരിദാസിന്റെ ഫോൺ ശബ്ദിച്ചു.

 സൈബർ സെല്ലാണ്.

"സാർ, ആ കോൾ വന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തി. ടൗണിനറ്റത്തുള്ള സെന്റ് മേരീസ് സെമിത്തേരിയുടെ ഗേറ്റിന് വെളിയിലുള്ള ഒരു പഴയ പബ്ലിക് ടെലിഫോൺ ബൂത്തിൽ നിന്നാണ് ആ കോൾ വന്നിരിക്കുന്നത്!"

സമയം കളയാതെ ഹരിദാസ് തന്റെ ജീപ്പിൽ ആ ബൂത്ത് ലക്ഷ്യമാക്കി കുതിച്ചു. 

ഉപയോഗശൂന്യമായി കിടക്കുന്ന ഒരു പഴയ ബൂത്ത്. 

ഹരിദാസ് അവിടെയെത്തുമ്പോൾ ആ ഫോണിന്റെ റിസീവർ താഴേക്ക് തൂങ്ങിക്കിടപ്പുണ്ടായിരുന്നു. 

അതിനടുത്തായി വളരെ നിർണായകമായ ആ തെളിവ് ഹരിദാസ് കണ്ടെത്തി. 

ഫോണിന്റെ കറുത്ത വയറിൽ കൊരുത്തിട്ടിരിക്കുന്ന ഒരു പഴയ വെള്ളി കുരിശുമാല!

ഹരിദാസ് ഗ്ലൗസ് ധരിച്ച കൈകളോടെ അതെടുത്തു നോക്കി. ആ കുരിശിന് പിന്നിൽ ഇംഗ്ലീഷിൽ ഒരു പേര് കൊത്തിവച്ചിട്ടുണ്ടായിരുന്നു - 

"EMMANUEL" (ഇമ്മാനുവേൽ).

ഹരിദാസിന് ഒരാശ്വാസം തോന്നി. കൊലയാളിയെക്കുറിച്ചുള്ള ആദ്യത്തെ സൂചന കിട്ടിയിരിക്കുന്നു - ഇമ്മാനുവേൽ! 

വർഷങ്ങൾക്ക് മുൻപ് അനാഥാലയത്തിൽ നടന്ന തീപിടുത്തത്തിൽ ഈ പ്രമാണിമാർ ചെയ്ത ഏതോ ക്രൂരതയ്ക്ക് പകരം ചോദിക്കാൻ വന്നയാളാണ് ഇമ്മാനുവേൽ എന്ന് ഹരിദാസ് ഉറപ്പിച്ചു.  

അയാൾ ഉടൻ തന്നെ സ്റ്റേഷനിലേക്ക് വിളിച്ച് ഈ പേരുള്ള, അനാഥാലയവുമായി ബന്ധമുള്ള ഒരാളെ കണ്ടെത്താൻ നിർദ്ദേശം നൽകി.

മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവിൽ പോലീസ് ആ സത്യം കണ്ടെത്തി. അനാഥാലയത്തിലെ ഒരു അന്തേവാസിയായിരുന്നു ഇമ്മാനുവേൽ. 

റെക്കോർഡുകളിൽ നിന്നും ഇമ്മാനുവേലിന്റെ വിലാസം പോലീസ് കണ്ടെടുത്തു. വൻ സന്നാഹങ്ങളോടെ ഇമ്മാനുവേലിനെ പിടികൂടാൻ ഹരിദാസും സംഘവും ആ വിലാസത്തിലേക്ക് പാഞ്ഞു.

എന്നാൽ ആ വിലാസത്തിൽ എത്തിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ മരവിച്ചുപോയി. അതൊരു വീടായിരുന്നില്ല! കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ ശ്മശാനമായിരുന്നു അത്. 

അവിടെയുണ്ടായിരുന്ന പ്രായമായ കാവൽക്കാരൻ പോലീസുകാരെയും കൂട്ടി പായൽ പിടിച്ച ഒരു കല്ലറയ്ക്ക് മുന്നിലെത്തി.
ഹരിദാസ് ആ കല്ലറയ്ക്ക് മുകളിലെ കരിയിലകളും പൊടിയും വകഞ്ഞുമാറ്റി അതിലെ വാചകം വായിച്ചു.

"ഇമ്മാനുവേൽ... ജനനം: 1995 - മരണം: 2008"

ഹരിദാസിന്റെ തലച്ചോറിലൂടെ ഒരു മിന്നൽ കടന്നുപോയി. തന്നെ ഫോൺ വിളിച്ചതും, ഈ കൊലപാതകങ്ങൾ നടത്തിയതും 15 വർഷം മുൻപ് മരിച്ച ഒരു കുട്ടിയാണോ? 

മാസ്റ്റർ ഡയറിയിൽ എഴുതിയ "മരിച്ചവർക്ക് മരണമില്ലല്ലോ" എന്ന വരികളുടെ അർത്ഥം ഇതായിരുന്നോ?

ഭയപ്പെടുത്തുന്ന ഒരു തണുത്ത കാറ്റ് ആ സെമിത്തേരിയിലൂടെ വീശി. മൂന്നാമത്തെ ഇരയെ തേടി ഒരു പ്രേതം ഇറങ്ങിയിരിക്കുകയാണോ?