Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 June 14, 2026 💬0 Comments

കണക്ക് തീർപ്പ് Part 2

👁️ Loading views...
സ്വന്തമായി ഇനിയൊരു കരകയറ്റം തൻ്റെ അച്ഛനും അമ്മയ്ക്കും സാധിക്കില്ലെന്നും, തൻ്റെ കുഞ്ഞനുജത്തി അനിതയുടെ ഭാവിയും തൻ്റെ കൈകളിലാണെന്നും അവനന്ന് തിരിച്ചറിഞ്ഞു.

അതുകൊണ്ട് തന്നെ പകലന്തിയോളം അവൻ കഷ്ടപ്പെട്ടു. പകൽ വാടകയ്ക്ക് എടുത്ത ഒരു പഴയ ഓട്ടോറിക്ഷയുമായി അവൻ ടൗണിലുണ്ടാകും. കിട്ടുന്ന ഓട്ടങ്ങളെല്ലാം ഓടി വൈകുന്നേരം ആറുമണിയോടെ ഓട്ടോ ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചാൽ, പിന്നെ നേരെ ഹൈവേയിലെ പെട്രോൾ പമ്പിലേക്ക് ഓടും. അവിടെ രാത്രി മുതൽ രാവിലെ വരെ ജോലിയെടുക്കും.. ഉറക്കം പോലും ഇല്ലാതെ കഷ്ടപ്പെടാനും അവന് മടി ഇല്ലായിരുന്നു, കാരണം അവൻറെ മുന്നിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്, അതെല്ലാം നേടി എടുക്കണം എന്നുള്ള വാശിയും....

 ഈ നെട്ടോട്ടങ്ങൾക്കിടയിലും അവൻ തൻ്റെ ഏറ്റവും വലിയ സ്വപ്നത്തെ കൈവിട്ടിരുന്നില്ല - 'ഒരു പോലീസ് ഓഫീസറാവുക'. 

പെട്രോൾ പമ്പിൽ വണ്ടികൾ വരാത്ത സമയങ്ങളിൽ അവൻ പുസ്തകങ്ങളിലേക്ക് മുഖം പൂഴ്ത്തി. പി.എസ്.സി പരീക്ഷയ്ക്കുള്ള കോച്ചിങ്ങിന് പോകാൻ ഫീസ് കൊടുക്കാൻ ഇല്ലാത്തതുകൊണ്ട്, പഴയ ചോദ്യപ്പേപ്പറുകൾ സംഘടിപ്പിച്ച് സ്വയം പഠിക്കുകയായിരുന്നു അവൻ.

ഒരു ദിവസം ഉച്ചയ്ക്ക് ഓട്ടോ സ്റ്റാൻഡിൽ ആളില്ലാതെ കിടക്കുമ്പോഴാണ് രാജുവിൻ്റെ ആഡംബര കാർ വലിയ ഹോൺ മുഴക്കി അവിടേക്ക് വന്നത്. കാർ നേരെ വന്ന് നിന്നത് അജയിൻ്റെ ഓട്ടോയ്ക്ക് മുന്നിലാണ്.

 ഗ്ലാസ് താഴ്ത്തി രാജു അവനെ നോക്കി കോക്രി കാണിച്ചു, എന്നിട്ട് പുറത്തിറങ്ങി അവൻ്റെ അടുത്തേക്ക് വന്നു. ചുറ്റും മറ്റ് ഡ്രൈവർമാരും നാട്ടുകാരുമുണ്ട്.

"എന്താടാ അജയേ... നിൻ്റെ പോലീസ് പഠനമൊക്കെ എവിടെ വരെയായി? പരീക്ഷ എഴുതി എഴുതി നിനക്ക് വട്ടായോ അതോ ഇനി വല്ല ഹോംഗാർഡിൻ്റെയും ജോലി കിട്ടുമോടാ?"

 രാജുവിൻ്റെ പരിഹാസം നിറഞ്ഞ ചിരി അവിടെ മുഴങ്ങി. കൂടെയുണ്ടായിരുന്ന ശിങ്കിടികളും അതേറ്റു ചിരിച്ചു.

അജയ് ഒന്നും മിണ്ടാതെ മുഖം തിരിച്ചു നിൽക്കാൻ നോക്കി. പക്ഷേ രാജു വിട്ടില്ല.
"നിൻ്റെ അച്ഛൻ കഴിഞ്ഞ ദിവസം പിച്ചച്ചട്ടിയുമായി എൻ്റെ വീട്ടിൽ വന്നത് നീ അറിഞ്ഞില്ലേ? നീ പോലീസ് ആയിട്ട് വേണം അവന് രാജാവായിട്ട് ജീവിക്കാൻ അല്ലെ? വല്ല കൂലിപ്പണിക്കും പോടാ, അല്ലാതെ ഈ കാക്കി സ്വപ്നം കണ്ട് നടന്നാൽ നീയും നിൻ്റെ അച്ഛനെപ്പോലെ തെണ്ടിപ്പോകും..."

ചുറ്റും നിന്നവർ അവനെ സഹതാപത്തോടെ നോക്കി. അജയിൻ്റെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു, കൈകൾ മുഷ്ടി ചുരുട്ടിയിട്ടുണ്ടായിരുന്നു.
"ഇതിനൊക്കെ മറുപടി എൻ്റെ ദേഹത്ത് കാക്കി വീഴുമ്പോൾ ഞാൻ തന്നിരിക്കും രാജുച്ചായാ... നിങ്ങൾ എൻ്റെ അച്ഛനെക്കൊണ്ട് അനുഭവിപ്പിച്ച ഓരോ നിമിഷത്തിനും ഞാൻ കണക്കു ചോദിച്ചിരിക്കും," അജയ് മനസ്സിൽ ഉറപ്പിച്ചു.

ആഴ്ചകൾ കടന്നുപോയി. അന്ന് രാത്രി പെട്രോൾ പമ്പിലെ ഇടുങ്ങിയ മുറിയിൽ ഇരിക്കുമ്പോഴാണ് അവൻ്റെ ഫോണിലേക്ക് സുഹൃത്തിൻ്റെ മെസ്സേജ് വരുന്നത്. 

പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു! 

നെഞ്ചിടിപ്പോടെ അവൻ ആ പി.ഡി.എഫ് തുറന്നു.
 അവൻ്റെ വിരലുകൾ ഫോൺ സ്ക്രീനിൽ തിരഞ്ഞു. 
പെട്ടെന്ന് അവൻ്റെ കണ്ണുകൾ വിടർന്നു... ശ്വാസം നിലച്ചതുപോലെ അവന് തോന്നി. 

ആദ്യത്തെ അമ്പത് പേരുകളിൽ ഒരാളായി 'അജയ് ബാബു' എന്ന പേര് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു! 

അവൻ്റെ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കൾ ഒഴുകിയിറങ്ങി.
പ്രതികാരത്തിലേക്കുള്ള ആദ്യത്തെ വാതിൽ അജയ് തുറന്നു കഴിഞ്ഞിരുന്നു.