✍️ Shadow Writter
📅 June 21, 2026
💬0 Comments
അദൃശ്യവേട്ട Part 2
👁️ Loading views...
മണ്ണാർക്കാട് നിന്നും കാഞ്ഞിരപ്പുഴയിലേക്കുള്ള ഹരിദാസിന്റെ ജീപ്പിന്റെ യാത്രയിൽ വല്ലാത്തൊരു നിശബ്ദത ഉണ്ടായിരുന്നു.
മനസ്സ് മുഴുവൻ നിറയെ ചോദ്യങ്ങൾ ആയിരുന്നു....
ആര്..?
എന്തിന് വേണ്ടി...?
ആർക്കുവേണ്ടി..??
അവൻ്റെ അടുത്ത ഇര ആര്...??
കോടമഞ്ഞിന്റെ തണുപ്പിനപ്പുറം, അദൃശ്യമായ എന്തോ ഒന്ന് തന്നെ പിന്തുടരുന്നതുപോലെ ഹരിദാസിന് തോന്നി.
രാമചന്ദ്രൻ മാസ്റ്ററുടെ വീട് കാഞ്ഞിരപ്പുഴ ഡാമിനോട് ചേർന്നുള്ള ഒരു വിജനമായ പറമ്പിലാണ്.
പഴയ ഓടിട്ട ഒരു തറവാട്. മുൻവാതിൽ തുറന്ന് അകത്തുകയറിയ ഹരിദാസ് കണ്ട കാഴ്ച അയാളുടെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നിച്ചു.
അവിടെ ഒരു തുള്ളി ചോര പോലുമുണ്ടായിരുന്നില്ല.
പൂമുഖത്തെ ചാരുകസേരയിൽ രാമചന്ദ്രൻ മാസ്റ്റർ അനക്കമില്ലാതെ കിടക്കുന്നു. ഹൃദയസ്തംഭനം വന്നാണ് അദ്ദേഹം മരിച്ചതെന്ന് ഒറ്റനോട്ടത്തിൽ തോന്നും.
പക്ഷേ, ഹരിദാസിനെ ഭയപ്പെടുത്തിയത് അതല്ല; മരിച്ചുകിടക്കുന്ന ആ മനുഷ്യന്റെ മുഖത്തെ ഭാവമാണ്..!!
അയാളുടെ കണ്ണുകളും ഭയം കൊണ്ട് പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ടായിരുന്നു.
വായ പാതി തുറന്നിരിക്കുന്നു. മരിക്കുന്നതിന് തൊട്ടുമുൻപ് അതിഭയാനകമായ എന്തോ ഒന്ന് കണ്ട് ഭയന്ന് വിറച്ചതുപോലെ...
ശരീരത്തിൽ ഒരു പോറൽ പോലുമില്ല. പക്ഷേ ആ മുഖത്തെ ഭയം കണ്ടുനിൽക്കുന്നവരിലേക്കും പടരുന്നതായിരുന്നു. അമാനുഷികമായ എന്തിനെയോ കണ്ട് ഭയന്ന പ്രതീതി പോലെ...
മുറിയിലാകെ കുന്തിരിക്കം കത്തിയതിന്റെ ഒരു നേർത്ത ഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
അതിനേക്കാൾ ഹരിദാസിനെ കുഴപ്പിച്ചത് ആ മുറിയുടെ വാതിലുകളും ജനലുകളും എല്ലാം **അകത്തുനിന്നും കുറ്റിയിട്ടിരുന്നു** എന്നതാണ്.!!!
ഒരു കൊലയാളി കൃത്യം നടത്തിയ ശേഷം അകത്ത് നിന്ന് കുറ്റിയിട്ടു എങ്ങനെ പുറത്തുപോയി.??
മാസ്റ്ററുടെ വലംകൈ മുറുകെ ചുരുട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു. പതുക്കെ ആ വിരലുകൾ തുറന്ന ഹരിദാസ്, തോമസ് കുരുവിളയുടെ കയ്യിൽ നിന്നും കിട്ടിയത് പോലെയുള്ള മറ്റൊരു കടലാസ് കഷണം പുറത്തെടുത്തു.
അതിൽ ഇങ്ങനെ എഴുതിയിരുന്നു:
"നിങ്ങളുടെ പാപം നിങ്ങളെ കണ്ടുപിടിക്കും എന്നു ഗ്രഹിപ്പിൻ."
(സംഖ്യാപുസ്തകം 32:23)
ഹരിദാസ് ചുറ്റും കണ്ണോടിച്ചു. മേശപ്പുറത്ത് പകുതി തുറന്നുവച്ച ഒരു ഡയറി അയാളുടെ ശ്രദ്ധയിൽപ്പെട്ടു.
അതിലെ അവസാനത്തെ വരികൾ വായിച്ച ഹരിദാസിന്റെ കൈകൾ അറിയാതെ വിറച്ചു.
ചുവന്ന മഷിയിൽ, വിറയ്ക്കുന്ന കൈകളോടെ മാസ്റ്റർ ഇങ്ങനെ കുത്തിക്കുറിച്ചിരുന്നു:
"തോമസ് പോയി... അവനെത്തിക്കഴിഞ്ഞു. ഇരുളിൽ നിന്ന് അവനെന്നെ നോക്കുന്നുണ്ട്. മരിച്ചവർക്ക് മരണമില്ലല്ലോ... ദൈവമേ എന്നോട് പൊറുക്കണേ..."
തന്റെ സുഹൃത്തായ തോമസ് കൊല്ലപ്പെട്ട വിവരം പോലീസുകാർ പോലും അറിയുന്നതിന് മുൻപ് മാസ്റ്റർ എങ്ങനെ അറിഞ്ഞു..??
'മരിച്ചവർക്ക് മരണമില്ല' എന്ന് അദ്ദേഹം എഴുതിയതിന്റെ അർത്ഥമെന്താണ്?
പെട്ടെന്നാണ് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് മാസ്റ്ററുടെ മേശപ്പുറത്തിരുന്ന പഴയ ലാൻഡ്‌ലൈൻ ഫോൺ ശബ്ദിച്ചത്.
**ട്രിങ്... ട്രിങ്...**
മരിച്ചുപോയ ഒരാളുടെ വീട്ടിലേക്ക് ഈ സമയത്ത് ആരാണ് വിളിക്കുന്നത്?
ഹരിദാസ് പതുക്കെ റിസീവർ എടുത്തു കാതോട് ചേർത്തു.
"ഹലോ..."
മറുതലയ്ക്കൽ കനത്ത ഒരു ശ്വാസോച്ഛ്വാസം മാത്രം. കുറച്ചു നിമിഷങ്ങൾക്ക് ശേഷം, വളരെ തണുത്ത, ശബ്ദമില്ലാത്ത ഒരു ചിരി അവിടെ നിന്നും കേട്ടു.
എന്നിട്ട് ഇരുമ്പിൽ ഉരയുന്നതുപോലുള്ള ഒരു ശബ്ദത്തിൽ മറുതലയ്ക്കൽ നിന്നൊരാൾ മന്ത്രിച്ചു:
"ഹരിദാസ്... സത്യം അന്വേഷിക്കാൻ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക. നിഴലുകൾക്കും ജീവനുണ്ടാകാം. മൂന്നാമത്തെ ഇരയെ ഞാൻ തീരുമാനിച്ചു കഴിഞ്ഞു..."*
മറുപടി പറയാൻ ഹരിദാസ് വായ തുറക്കുന്നതിന് മുൻപ് തന്നെ ഫോൺ കട്ടായി. ഫോണിൽ നിന്നും വന്നുകൊണ്ടിരുന്ന 'ടൂ...' എന്ന നീണ്ട ശബ്ദം കേട്ട്, ഹരിദാസ് ഭയത്തോടെ ആ ശൂന്യമായ മുറിയിലേക്ക് നോക്കി.
📚 Related Stories
Edit Comment
Are you sure you want to delete this comment?
📢 ഈ കഥ കൂട്ടുകാർക്കും ഷെയർ ചെയ്യൂ: